കുറെ കാലങ്ങളായി ഇന്ത്യന്‍ മുസ്ലിം സമൂഹം ഒരു പരിപൂര്‍ണ  ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനത്തിനായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യയിലെ 150 മില്യണ്‍ വരുന്ന മുസ്ലിങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ കെല്‍പ്പുള്ള പണ്ഡിതന്‍മാരെയും നേതാക്കളെയും വാര്‍ത്തെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സ്ഥാപനം അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍, ഏറെ കാത്തിരുന്ന നമ്മുടെ സ്വപ്നം ഇവിടെ സാക്ഷാത്കരിക്കുകയാണ്. ഇന്ത്യയില്‍  ഇത്തരത്തില്‍ ആദ്യമായി   ഒരു സര്‍വകലാശാല സ്ഥാപിതമാവുകയാണ്. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഡോ. യുസുഫുല്‍ ഖറദാവി ഇത്  ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു കഴിഞ്ഞു. ഇസ്ലാമിക പഠന വിഭാഗം, ശരീഅത്ത് പഠന വിഭാഗം, മതതാരതമ്യ പഠന വിഭാഗം, ഖുര്‍ആന്‍ പഠന വിഭാഗം തുടങ്ങിയ വിവിധ പഠന  വകുപ്പുകള്‍ ഉള്‍പ്പെടുന്നതാണ് നമ്മുടെ ഇസ്ലാമിക സര്‍വകലാശാല. ഇതിനു പുറമെ ഒരു ഇസ്ലാമിക പഠന ഗവേഷണ കേന്ദ്രവും, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെന്‍ററും, ഇമാം ഖത്വീബ് ട്രെയിനിംഗ് സെന്‍ററും, പി ജി ഡിപ്ലോമ കോഴ്സ് ആയ ഇസ്ലാമിക്‌ ബാങ്കിംഗ് ആന്‍ഡ്‌ ഫൈനാന്‍സുമുണ്ട്  ജാമിഅയില്‍. സമീപ ഭാവിയില്‍ തന്നെ ഇനിയും ചില ഫാക്കല്‍റ്റികള്‍ കൂടി സ്ഥാപിക്കണമെന്ന് ജാമിഅ ആഗ്രഹിക്കുന്നുണ്ട്. കുറഞ്ഞ വാക്കുകളില്‍ ജാമിഅയുടെ ഭൂതവും വര്‍ത്തമാനവും അതിന്‍റെ  ഭാവി പരിപാടികളും   സ്വപ്നങ്ങളും വെളിപ്പെടുത്തിക്കൊണ്ട്‌ നമ്മള്‍ പ്രതീക്ഷിക്കുന്നത് ലോകത്തിന്‍റെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നുമുള്ള മുസ്ലിം സാഹോദര്യമാണ്.

ഈ സന്ദര്‍ഭത്തില്‍, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നമ്മുടെ മേല്‍  ചൊരിയാനും നമ്മുടെ സല്‍ക്കര്‍മ്മങ്ങള്‍ സ്വീകരിക്കുവാനും അവനോടു പ്രാര്‍ത്ഥിക്കുന്നു.